Thursday, April 5, 2007

ഭസ്മാസുരന്‍

മഹാത്മാഗാന്ധി യൂണിവേര്‍സിറ്റി കാമ്പസ്.
കുട്ടന്‍സ് നീണ്ട മനോഹരമായ രണ്ട് വര്‍ഷം ചിലവഴിച്ച ക്യാമ്പസ്.
സാമ്പന്റെ ക്യാന്റീനും, റോയിച്ചേട്ടന്റെ പെട്ടിക്കടയും,സരോവറും,അഷ്ടദളവും,പാടലീപുത്രയും,അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന മെന്‍സ്/ലേഡീസ് ഹോസ്റ്റലുകളും,അപ്പച്ചന്‍ ചേട്ടന്റെ ബൂത്തും,ബേബിച്ചന്റെ ഏതു പാതിരാക്കും ചെന്നു ചോറുണ്ണാന്‍ പറ്റുന്ന പാവങ്ങളുടെ മെസ്സും ഒക്കെ ഉള്ള ചെറുതെങ്കിലും സുന്ദരമായ ക്യാമ്പസ്

ഹോസ്റ്റലില്‍ താമസം തുടങ്ങിയ കാലം. ( അതിനു മുന്‍പ് വരേയും ഡിപ്പര്‍ട്മെന്റ് ലാബിലായിരുന്നു ഉറക്കം. കമ്പ്യൂട്ടര്‍ ചെയര്‍ തിരിച്ചിട്ട്, അത് തലയണയാക്കിയുള്ള സുന്ദരമായ ഉറക്കങ്ങള്‍.. ).
ഒരു റാഗിങ് പേടിച്ചായിരുന്നൂ ആദ്യമായി ഹോസ്റ്റലില്‍ കാലെടുത്തുവച്ചത്..ചോക്ലൈറ്റ് കാമ്പസ് അല്ല എന്ന സ്വഭാവം ഹോസ്റ്റലും കാണിച്ചു..നോ റാഗിംഗ്സ്..

സീനിയറും, സര്‍വ്വോപരി ക്യാമ്പസ് ഗാനഗന്ധര്‍വ്വനും ആയ പീക്കു എന്നു ഞങ്ങള്‍ വിളിക്കുന്ന പി.കെ യുടെ മുറിയില്‍ പീക്കെക്കു പകരക്കാരനായി താമസം പിടിച്ചു..സോഷ്യലിസം ഹോസ്റ്റലില്‍ തുടങ്ങണം എന്ന് ഉറച്ച് വിശ്വസിച്ചതു കൊണ്ടായിരിക്കണം താഴുകള്‍ എന്തെന്നറിയാത്ത മുറികള്‍ ആയിരുന്നു അവിടെ..

കൊളുത്തില്ലാത്ത കുളിമുറിവാതിലുകള്‍, റൂം ഡോര്‍സ്.....
ആര്‍ക്കും എപ്പോളും കടന്നു ചെല്ലാവുന്ന സ്വാത്ന്ത്ര്യം..

കുറെ നല്ല സൌഹൃദങ്ങള്‍..ചെറിയ പാരകള്‍..കഥകള്‍..

മുറിയില്‍ നിന്നും സോപ്പും, എണ്ണയും, പേസ്റ്റും ചില സമയങ്ങളില്‍ അപ്രത്യക്ഷമാകുന്നതും,ചിലപ്പോള്‍ മടങ്ങിവരുന്നതും ചാത്തന്‍ സേവയല്ല എന്നറിയാവുന്നതു കൊണ്ട് ഗൌനിക്കറില്ല..

അങ്ങിനെ ഒരു ദിവസം..വണ്‍സ് അപ്പോണ്‍ എ ഡേ..
ഒരു ബുധനാഴ്ച്ച ദിവസം..മെസ്സില്‍ നിന്നും സുമേഷേട്ടന്റെയും, സുനിലേട്ടന്റേയും നിര്‍മ്മാണനിര്‍വ്വഹണത്തില്‍ പുറ്ത്തിറങ്ങിയ മയക്കുവെടി എന്നു ചിലര്‍ വിളിക്കുന്ന ഉപ്പുമാവും, ഒരു ബുള്ളെറ്റും (ബുള്‍സായി തിരിച്ചിട്ടത്...) കഴിച്ച് തിരിച്ച് മൂന്നാം നിലയിലെ മാറാല പിടിച്ച മുറിയിലേക്കു പ്രവേശിക്കാന്‍ നിന്ന എന്നെ വരവേറ്റത്..മുറിക്കു തൊട്ടുമുന്നിലെ, പ്രഭാതകിരണങ്ങള്‍ അരിച്ചിറങ്ങുന്ന ഇടുങ്ങിയ വരാന്തയില്‍ നിന്നു പല്ലു തേക്കുന്ന ഒരു ഹോസ്റ്റല്‍ അന്തേവാസിയായ ‘ചുഴലി‘(യഥാര്‍ത്ഥ പേര്‍ അല്ല)യായിരുന്നു..
ജീവിതത്തില്‍ ആദ്യമായി പല്ലു തേക്കുന്നവനെ പോലെ തികച്ചും സന്തോഷവാനായിരുന്നൂ ടി. കക്ഷി.

എന്നെ കണ്ടതും സ്വതവേയുള്ള സന്തോഷത്തിനു പുറകെ ഒരു കള്ള സ്മൈല്‍ കൂടി ടിയാന്‍ പ്രദര്‍ശ്ശിപ്പിച്ചു..

മിസ്റ്റര്‍ ബീന്‍ കണ്ണാടിനോക്കി ചിരിച്ച പോലുള്ള ഒരു ചിരി..
ടിയാന്‍ : “എടാ കള്ളാ നീ ഒളിപ്പിച്ച് വച്ചിരിക്കുവായിരുന്നല്ലേ..ഞാന്‍ കണ്ടു..”
ആരും കാണാതെ (സോഷ്യലിസം പൊളിക്കാന്‍) ഒളിപ്പിച്ച് വച്ച ബ്രൂട് എങ്ങാനും വെളിയില്‍ ആയോ എന്നു ശങ്കിച്ച് കുട്ടന്‍സ്/ഞാന്‍ ആസ്കി : “എന്ത് കണ്ടൂന്ന്”
ടിയാന്‍ (വായില്‍ നിറഞ്ഞ പല്‍പ്പൊടിതുപ്പല്‍ ലിക്യുഡ് ചുമരഴികള്‍ക്കിടയിലൂടെ താഴെയുള്ള നേപ്പാളീസ് ഖൂര്‍ക്കകളുടെ വീട്ടുമുറ്റത്തേക്ക് കറക്റ്റായി ചാര്‍ജ് ചെയ്ത്): “നീ ഒളിപ്പിച്ച് വച്ച സാധനം ഞാന്‍ അടിച്ചു മാറ്റി..”
ഈശ്വരാ എന്റെ ബ്രൂട്ട്..എന്നു മനസില്‍ കരുതി ഞാന്‍ : “എങ്ങിനെ മന്‍സ്സിലായി..”
ടിയാന്‍ : “അതൊക്കെയുണ്ട്..സാധനം എക്സ്പോര്‍ട് ക്വാളിറ്റിയാണല്ലേ..”
ഈശ്വര്‍ അത് എക്സ്പോര്‍ട്ട് ക്വാളിറ്റി ബ്രൂട് ആയിരുന്നോ..അതു പോലും അറിയുന്നതിനു മുന്‍പ് കൈവിട്ട് പോയല്ലോ ന്റെ വനദേവതകളേ..
ടിയാന്‍ : “ഇതു കൊണ്ട് തേച്ചാല്‍ പല്ല് വെളുക്കുമായിരിക്കും അല്ലേ..നല്ല വെളുപ്പുണ്ട് പൊടിക്ക്..”
ഞാന്‍: “പൊടിയോ...???????” ക്വസ്റ്റ്യന്‍ മാര്‍ക്..

ടിയാന്‍ : “ങ്.ഹാ..നീ ഒളിപ്പിച്ച് വച്ച ആ എക്സ്പോര്‍ട്ട് ക്വാളിറ്റി പല്‍പ്പൊടിയില്ലെ..അത് ഞാന്‍ എടുത്തു..സാധനം മുറ്റാണെന്നാ തോന്നുന്നെ..അത് വെച്ചാ ഇപ്പോ പല്ലു തേക്കുന്നെ..”

ഉറക്കെ ചിരിക്കണം എന്നുണ്ടായിരുന്നെങ്കിലും, വയര്‍ ടൈറ്റാക്കീ കഴിച്ച ഉപ്പുമാവ് എന്നെ പിന്തിരിപ്പിച്ചു..

ഞാന്‍ : “എന്റെ ഭസ്മാസുരാ..” ....

അടിക്കുറിപ്പ്: സഹമുറിയനായ പീക്കു എവിടെ നിന്നോ ഒപ്പിച്ചു വച്ച ഭസ്മമായിരുന്നൂ എക്സ്പ്പോര്‍ട്ട് ക്വാളിറ്റി പല്‍പ്പൊടിയെന്ന് ധരിച്ച് പാവം ടി കക്ഷി പല്ലൂ തേക്കാനുപയോഗിച്ചത്...
ആ സംഭവത്തിനു ശേഷം ടിയാന്‍ ഭസ്മാസുരന്‍ എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങി...