Friday, June 1, 2007

ക്രിസ്മസ്‌ അവധിയും കുറേ കോഴികളും

[ഈ കഥയുടെ സൃഷ്ടിയില്‍ എനിക്ക് യാതോരു പങ്കുമില്ല..ഇപ്പോള്‍‍ മാധ്യമ പ്രവര്‍ത്തകനും, ഹോസ്റ്റല്‍ വാസിയും ആയ ശ്രീമാന്‍ വര്‍ഗ്ഗീസ് ആന്റ്റണി എന്ന വര്‍ക്കിയുടെ സമ്മതത്തോടെ ഇത് ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു.. ]

അവധിക്കാലങ്ങള്‍ എപ്പോഴും ഹോസ്റ്റലില്‍ നിശബ്ദമായൊരു ദുരൂഹതയുടെ നിഴല്‍ പടര്‍ത്തിയിരുന്നു. കൊഴിഞ്ഞ ഇലകള്‍ വീണുകിടക്കുന്ന മുറ്റം. കാറ്റ്‌ ചൂളംകുത്തുന്ന ഇടനാഴികള്‍. ചുറ്റിലും മുഷിഞ്ഞ വസ്ത്രങ്ങളുടെമനംമടുപ്പിക്കുന്ന രൂക്ഷഗന്ധം. പക്ഷേ ചിലര്‍ മാത്രം ഇതിണ്റ്റെ ലഹരിയില്‍ മുങ്ങിഇതത്രയും തങ്ങളുടേത്‌ മാത്രമാക്കിമാറ്റിയിരുന്നു. അവധിക്കാലത്ത്‌ അവര്‍ വീട്ടില്‍ പോയില്ല. അടച്ചിട്ട മെസ്‌ ഹാളിന്‌ പുറത്ത്‌ നേരംതെറ്റിയ ഭക്ഷണശീലങ്ങളുമായി അവര്‍ ഒത്തുകൂടി.

അങ്ങനെയൊരു അവധിക്കാലം. ഞങ്ങള്‍ അഞ്ചുപേരുണ്ടായിരുന്നു അന്ന്‌. മേനോന്‍(ഉന്‍മാദിയായ ഒരു ഗവേഷണക്കാരന്‍.. !) ആയിരുന്നുതലവന്‍. പതിവുപോലെ ഞങ്ങള്‍ പ്രാതലിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. മൂന്ന്‌ നേരവും കോഴിയിറച്ചി കഴിക്കുന്ന അസുലഭ അവസരമാണ്‌ അവധിക്കാലമെന്ന്‌ കുറച്ച്പേര്‍ക്കേ അറിയൂ. മെസ്‌ ഔട്ട്‌ ആയവര്‍ക്ക്‌ ആരോഗ്യ സംരക്ഷണത്തിണ്റ്റെ കാലം.

രാവിലെ ആരംഭിക്കുന്ന കോഴിപിടുത്തം ചിലപ്പോള്‍ ഉച്ചവരെ നീളുമായിരുന്നു. ആരുടേതെന്നറിയാത്ത പിടക്കോഴികളും പൂവന്‍കോഴികളും ഹോസ്റ്റല്‍ മുറ്റത്ത്‌ കൊക്കിക്കൊക്കിനടന്നു. ഞങ്ങള്‍ കോഴിപിടുത്തത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. മുറ്റം മുതല്‍ മുറിവരെ ആരി വിതറുന്നതായിരുന്നുമേനോണ്റ്റെ സവിശേഷമായ കോഴിപിടുത്ത ശൈലി. സഹായികളായ ഞങ്ങള്‍ നാലുപേര്‍ നടുമുറ്റം മുതല്‍അദ്യമുറിവരെ അരിമണികള്‍ വിതറി. ഇനിയാണ്‌ കാത്തിരിപ്പ്‌.

സൂചി വീണാല്‍ കേള്‍ക്കുന്നനിശബ്ദത. ചില പിടക്കോഴികളും അവരെ ചുറ്റിപ്പറ്റി ചില പൂവന്‍കോഴികളും മുറ്റത്തേക്ക്‌ വന്നു. ഞങ്ങള്‍ വിതറിയ അരിമണികളില്‍ ചിലതെങ്കിലും ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട്‌. മൂന്ന്‌ കോഴികളാണ്‌ അരിമണികള്‍ കൊത്തിക്കൊത്തി ഹോസ്റ്റലിനടുത്തേക്ക്‌വരുന്നത്‌. മേനോന്‍ ഒരു വിജയിയേപ്പോലെ ഞങ്ങളെനോക്കി. ദൌര്‍ഭാഗ്യം എന്നേ പറയേണ്ടൂ, രണ്ടു കോഴികള്‍ സ്റ്റെപ്പിനടുത്ത്‌ വച്ച്‌ തിരിച്ചു പോയി. ഒരെണ്ണം ഞങ്ങളുടെ ആശകളുടെ അരിമണികള്‍ കൊത്തിത്തിന്ന്‌മുറിക്കകത്തേക്ക്‌ കയറിപ്പോയി. വാതിലടച്ചതും ആഹ്ളാദം അണപൊട്ടി.

ഒരുവിധത്തില്‍ എല്ലാം ശരിയാക്കി ഞങ്ങള്‍ കോഴിയെ വേവിക്കാനാരംഭിച്ചു. ഇറച്ചി വേവുന്നതിനിടയിലാണ്‌ ആ ദുരന്തം സംഭവിച്ചത്‌. ഇടിത്തീ പോലെ അതാ വരുന്നൂ അജിയേട്ടന്‍. (ഒരു തലമുതിര്‍ന്ന ഗവേഷണക്കാരന്‍, മൂരാച്ചിയായ സദാചാരവാദി) എല്ലാം തുലഞ്ഞു. കാര്യങ്ങളെല്ലാം കുഴപ്പത്തിലാകും. ....

അജിയേട്ടന്‍ ഈ കോഴിപിടുത്തം പരിപാടി അറിഞ്ഞാല്‍എല്ലാവരുടേയും കഥകഴിക്കും. ഞങ്ങള്‍ സഹായികളായനാലുപേര്‍ പലവഴിക്കായി ഓടി പലയിടത്തായി ഒളിച്ചു. പാവം മേനോന്‍ ഒറ്റക്ക്‌, അജിയേട്ടനെ എങ്ങനെ നേരിടുമെന്നറിയാതെ നിസംഗനായി നില്‍ക്കുന്നു. അജിയേട്ടന്‍ മേനോണ്റ്റെ അടുത്തെത്തി. കോഴി വേവുന്ന കലത്തിലും മേനോണ്റ്റെ കണ്ണിലും മാറിമാറി തുറിച്ചു നോക്കി.

അജിയേട്ടന്‍- എന്താടാ ഇത്‌? മേനോന്‍ - അത്‌ പിന്നെ... ഒരു കോഴിയെ..
അജിയേട്ടന്‍- കോഴിയോ.. ! എവിടുന്ന്‌?
മേനോന്‍ - ഞങ്ങള്‍ അതിരമ്പുഴയില്‍ നിന്നും വാങ്ങിയതാ.

ദൂരെമാറിനിന്ന്‌ മേനോന്‍ പറഞ്ഞ മഹത്തായ നുണകേട്ട്‌ ഞങ്ങള്‍ ഊറിയൂറി ചിരിച്ചു. ... അജിയേട്ടന്‍ ഇതൊന്നും വിശ്വസിക്കാനിടയില്ല. മേനോണ്റ്റെ കാര്യം പോക്കാ.. ഞങ്ങളിലൊരുവന്‍ ആത്മഗതമെന്നോണം പറഞ്ഞു. ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്‌...

അജിയേട്ടന്‍- എവിടെ നിന്നും വാങ്ങിയെന്ന്‌ ?
മേനോന്‍ - അതിരമ്പുഴ...
അജിയേട്ടന്‍- എവിടെ നിന്നെങ്കിലും പിടിച്ചതൊന്നുമല്ലല്ലൊ.. ?
മേനോന്‍ - ഹേയ്‌... ഞങ്ങളങ്ങനെ ചെയ്യുമോ... അതിവിദഗ്ദ്ധമായി മേനോന്‍ കാര്യങ്ങള്‍ കൈകാര്യംചെയ്തിരിക്കുന്നു.

ഒരു വലിയ അപകടത്തില്‍ നിന്നുമാണ്‌ രക്ഷപെട്ടിരിക്കുന്നത്‌. ഞങ്ങള്‍ പരസ്പരം നോക്കി നെടുവീര്‍പ്പിട്ടു. ഒന്നുമറിയാത്തവരേപ്പോലെ അവിടേക്ക്‌ ചെന്നു. അപ്പോഴേക്കും അജിയേട്ടനെ വീഴിച്ച സന്തോഷത്തില്‍ മേനോണ്റ്റെ ശബ്ദം ഉത്സാഹഭരിതമായിക്കഴിഞ്ഞിരുന്നു. ഇതിനകം വേവായ കോഴിയിറച്ചിയുടെ ഉപ്പ്‌ അജിയേട്ടനേക്കൊണ്ട്‌ തന്നെ നോക്കിക്കുവാനുള്ള തിരക്കിലാണ്‌ മേനോന്‍.

മേനോന്‍ - എങ്കില്‍പ്പിന്നെ ഇങ്ങേര്‍ തന്നെ നോക്കട്ടെ ഉപ്പ്‌... ഒരു കഷണം കോഴിയിറച്ചി സ്നേഹസൌഹൃദ ഭാവങ്ങളോടെ മേനോന്‍ അജിയേട്ടനു നേരെ നീട്ടി. ഒന്ന്‌ ഇരുത്തി മൂളിയശേഷം ഇതൊക്കെ ഞാനെത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ കോഴിക്കഷണം വാങ്ങി അജിയേട്ടന്‍ രുചിക്കുന്നു. പിന്നെ കാത്തു നിന്നില്ല ഞങ്ങളും തിളക്കുന്ന ചട്ടിയിലേക്ക്‌ കൈകള്‍ നീട്ടി...

കടപ്പാട് : വര്‍ഗ്ഗീസ് ആന്റണി..
(....ഞാന്‍ വെറും പ്രസാദകന്‍ മാത്രം....)

2 comments:

കുട്ടന്‍സ്‌ | S.i.j.i.t.h said...

....അവധിക്കാലങ്ങള്‍ എപ്പോഴും ഹോസ്റ്റലില്‍ നിശബ്ദമായൊരു ദുരൂഹതയുടെ നിഴല്‍ പടര്‍ത്തിയിരുന്നു. കൊഴിഞ്ഞ ഇലകള്‍ വീണുകിടക്കുന്ന മുറ്റം. കാറ്റ്‌ ചൂളംകുത്തുന്ന ഇടനാഴികള്‍. ചുറ്റിലും മുഷിഞ്ഞ വസ്ത്രങ്ങളുടെമനംമടുപ്പിക്കുന്ന രൂക്ഷഗന്ധം.....

[ഈ കഥയുടെ സൃഷ്ടിയില്‍ എനിക്ക് യാതോരു പങ്കുമില്ല..ഇപ്പോള്‍‍ മാധ്യമ പ്രവര്‍ത്തകനും, മുന്‍ ഹോസ്റ്റല്‍ വാസിയും ആയ ശ്രീമാന്‍ വര്‍ഗ്ഗീസ് ആന്റ്റണി എന്ന വര്‍ക്കിയുടെ സമ്മതത്തോടെ ഇത് ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു.. ]

മൂര്‍ത്തി said...

അവസാനം ഒരു സര്‍പ്രൈസ് ട്വിസ്റ്റ് കൊണ്ടുവന്നിരുന്നേല്‍ ഒന്നുകൂടി രസകരമായേനെ..